Wednesday, January 6, 2016

ഡോക്ടർമാർ രോഗികൾക്ക് വേണ്ടി തന്നെ



Reply to the questions posed by the article published by Manorama
ഡോക്ടർമാർ രോഗികൾക്ക് വേണ്ടി തന്നെ
Dr Sreejith N Kumar
ഡോക്ടർമാരുടെ പ്രതിബദ്ധത എന്നും സമൂഹത്തിനോടും, രോഗിയോടും തന്നെയാണ്. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോഴും മെഡിക്കൽ സമൂഹത്തിന്റെ മനോധൈര്യം തകരാതെ നോക്കണം. ഡോക്ടർമാർക്കു നേരയൂള്ള പല കുറ്റപെടുത്തലും അകാരണമാണെന്നു പറയാതെ വയ്‌യ.

ചികിത്സ ചിലവ് എന്നും പിടിച്ചു നിറുത്തിയിരുന്നത് ചെറിയ ആശുപത്രികളും, കുടുംബ ഡോക്ടരുമാണ്. ത്രിതല ശൈലി നമുക്ക് അനിവാര്യമാണ്. കുടുംബ ഡോക്ടറെ ആദ്യം കാണുക, റഫർ ചെയ്താൽ മാത്രം വലിയ ആശുപത്രികളിൽ പോവുക. രോഗങ്ങൾ പ്രതിരോധിക്കുവാനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക. സമീപ കാലത്ത് 500 ലധികം ചെറിയ ആശുപത്രികൾ പൂട്ടി പോയിട്ടുണ്ട്. സർക്കാർ എയ്ഡും , നികുതി ഇളവുകളും വഴി ഇവ നിലനിറുത്തിയെ മതിയാകൂ. ഡോക്ടർമാർ നടത്തുന്ന ചെറിയ ആശുപത്രികൾ അധികവും കച്ചവട കണ്ണിലാതെ തന്നെ ചികിത്സിക്കും. മരണ ശേഷവും വെന്റിലേറ്റർ ചികിത്സ നടന്നുവെങ്കിൽ തെളിവ് ഉടൻ IMA ക്കും മെഡിക്കൽ കൌണ്‍സിലിനും നല്കണം. നടപടി ഉറപ്പായും ഉണ്ടാവും. നൈതികമല്ലാത്ത ചികിത്സക്ക് ഒരു ഡോക്ടറും കൂട്ട് നിൽക്കില്ല, അത് അനുവദിക്കുകയുമില്ല.
ജനറിക് മരുന്നുകളുടെ പേരിൽ ഡോക്ടർമാരെ പഴിക്കുന്നത് ശരിയല്ല. സമൂഹത്തിലെ ഉന്നതർ എന്തിനു ബ്രാൻഡ് മരുന്നുകൾ ഉപയോഗിക്കുന്നു? ഡോക്ടർമാർ സ്വന്തം ആവശ്യത്തിനും ബ്രാൻഡ്‌ തന്നെ ഉപയോഗിക്കുന്നത് ഇവയ്ക്കു കൂടുതൽ ഗുണം ഉള്ളത് കൊണ്ടു തന്നെ. സ്വന്തം കുടുംബത്തിനു കൊടുക്കുന്ന മരുന്ന് സ്വന്തം രോഗിക്കും കൊടുക്കാം എന്ന് കരുതന്നതും ഇതിനാൽ തന്നെ. നിലവിലെ സർക്കാർ സംവിധാനത്തിന് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാൻ കഴിയുന്നില്ല. എല്ലാ മരുന്നുകൾക്കും തുല്യ നിലവാരം ഉറപ്പു നൽകാമെങ്കിൽ ജനറിക്ക് മരുന്ന് എഴുതാൻ തയ്യാറെന്ന് IMA നിരവധി തവണ വ്യക്തമാക്കിയിട്ടുളതാണ്. നിലവിൽ ജനറിക്ക് മരുന്ന് എഴുതിയാൽ ഏതു കൊടുക്കണം എന്ന് മെഡിക്കൽ സ്റൊറിൽ എടുത്തു കൊടുക്കുന്ന ആളാകും തീരുമാനിക്കുക. രോഗം മാറ്റുവാൻ ഉത്തരവാദി ആയ ഡോക്ടർ ഇതു തീരുമാനിക്ക്കുനതാകില്ലേ ഉചിതം. IMA ആവശ്യപെടുന്നത് സർക്കാർ തന്നെ ഗുണമുള്ള മരുന്ന് ഉത്പാധിപിച്ചു പൊതു ശ്രംഖല വഴി നല്കണം എന്നാണ്. എല്ലാ മദ്യകുപ്പിയിലും മുദ്ര പതിപ്പിച്ചു, സ്വന്തം ശ്രംഖല വഴി നൽകാമെങ്കിൽ മരുന്നിന്റെ കാര്യത്തിലും ഇതു ആകരുതോ? ചൊവ്വയില്ലേക്ക് ഉപഗ്രഹം അയക്കുന്ന രാജ്യത്തിനു മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലേ? വേണ്ടത് രാഷ്ട്രീയ ഇഛാശക്തിയാണ്.

മരുന്നുകളുടെ ഭീമാമായ വിലക്ക് ഉത്തരവാദി ആരെന്നു നാമറിയണം. രാസ - വളം വകുപ്പിനു കീഴിലുള്ള NPPA (national pharmaceutical pricing authority ) ആണ് വില നിയന്ത്രിക്കുന്നത്‌, ഡോക്ടർമാർ അല്ല. ഉത്പാദന ചിലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുവാൻ ഇവര്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയില്ലേ? സാധാരണ ഉപയോഗത്തിനു വേണ്ട മരുന്നുകൾ വില നിയന്ത്രണ പട്ടികയിൽ കൊണ്ട് വന്നു കൂടെ? ഇവർ സ്വാധീനത്തിന് വഴങ്ങുന്നുണ്ടോ? വില നിയന്ത്രണത്തിന് വേണ്ടതും രാഷ്ട്രീയ ഇഛാശക്തി തന്നെ.
രോഗികളോടും, സമൂഹത്തിനോടും ഏറ്റുവും പ്രതിബദ്ധത പുലർത്തിയാണ് ഡോക്ടര്മാരും, IMA യും പ്രവർത്തിക്കുന്നത്. നേപാളിലും, ചെന്നൈ യിലും അടക്കം നിരവധി മെഡിക്കൽ ക്യാമ്പുകൾ, സ്കൂളുകളെയും,ഗ്രാമങ്ങളെയും ദത്തെടുക്കുന്ന പദ്ധതി, നിർദ്ധന രോഗികൾക്കുള്ള ചികിത്സാ നിധി, വയോജന, സാന്ത്വന ശുശ്രുഷ, രക്ത ബാങ്കുകൾ തുടങ്ങി നിരവധി പദ്ധതികളാണ് ഡോകടർമാരുടെ സന്നദ്ധ സേവനത്തിലൂടെ IMA നടത്തുന്നത്. മെഡിക്കൽ രംഗത്തെ പരാതികൾ പരിഹരിക്കുവാൻ നൈതിക സമിതിയും, പരാതി പരിഹാര വേദിയും IMA നടത്തുന്നുണ്ട്. ഇവ ഉപയോഗിച്ച് തെറ്റുകാരായ ന്യൂനപക്ഷത്തെ കൂടി തിരുത്തുകയാണ് വേണ്ടത്. അതിനു മെഡിക്കൽ സമൂഹം തയ്യാറുമാണ്. ആത്മാർത്ഥവും, സത്യസന്ധവുമായി പണി ചെയ്യുന്ന ഭൂരിപക്ഷം വരുന്ന ഡോക്ടർമാരുടെ മനോധൈര്യം ചോരാതെ നോക്കേണ്ട ഉത്തരവാധിത്വം കൂടി സമൂഹത്തിനുണ്ട്.